മലയാളഭാഷാ ബില്ലിനു മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: മലയാളഭാഷാ ബില്ലിനു മന്ത്രിസഭയുടെ അംഗീകാരം. മലയാളഭാഷാ വ്യാപനവും പരിപോഷണവും സംബന്ധിച്ച ബില്ലിന്റെ അന്തിമ കരടാണ് ഇന്നലെ മന്ത്രിസഭ...

മലയാളഭാഷാ ബില്ലിനു മന്ത്രിസഭയുടെ അംഗീകാരം

Malayalam
തിരുവനന്തപുരം: മലയാളഭാഷാ ബില്ലിനു മന്ത്രിസഭയുടെ അംഗീകാരം. മലയാളഭാഷാ വ്യാപനവും പരിപോഷണവും സംബന്ധിച്ച ബില്ലിന്റെ അന്തിമ കരടാണ് ഇന്നലെ മന്ത്രിസഭ അംഗീകരിച്ചത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിലവില്‍ കേരള ഔദ്യോഗിക ഭാഷകള്‍ ആക്റ്റ് 1969 അനുസരിച്ചു സംസ്ഥാനത്ത് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളാണ്. ഇതിനു പകരം സമഗ്രമലയാളഭാഷാ നിയമം ഉറപ്പാക്കുകയാണു ലക്ഷ്യം. ബില്‍ തയാറാക്കുന്നതിനുള്ള മെമ്മോറാണ്ടം ആദ്യം നിയമ വകുപ്പിനു നല്‍കി.

നിയമവകുപ്പു തയാറാക്കിയ കരട് ബില്‍ പെരുമ്പടവം ശ്രീധരന്‍, ആര്‍. ഗോപാലകൃഷ്ണന്‍, ഡോ. എം.ആര്‍. തമ്പാന്‍, ഡോ. കെ. ജയകുമാര്‍ എന്നിവരടങ്ങിയ സമിതി സൂക്ഷ്മപരിശോധന നടത്തി. തുടര്‍ന്ന് പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെയും ഹൈക്കോടതി രജിസ്ട്രാറുടെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ഭേദഗതി വരുത്തിയ കരട് ബില്‍ നിയമ വകുപ്പ് ക്യാബിനറ്റിനു സമര്‍പ്പിക്കുകയും ചെയ്തു. ഈ അന്തിമ കരട് ബില്ലാണ് ഇന്നലെ മന്ത്രിസഭ അംഗീകരിച്ചത്.

ഔദ്യോഗികഭാഷ സംബന്ധിച്ച നിയമസഭാ സമിതിയാണ് സമഗ്ര മലയാളഭാഷാ നിയമം വേണമെന്ന് നേരത്തെ സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇതിനായുള്ള നടപടികള്‍ ആരംഭിച്ചത്. മുഖ്യമന്ത്രി അധ്യക്ഷനായ ഔദ്യോഗിക ഭാഷ സംബന്ധിച്ച ഉന്നതതല സമിതിയും നിയമത്തിനു ശുപാര്‍ശ ചെയ്തിരുന്നു. സര്‍വകലാശാലാ കോഴ്‌സുകളില്‍ മലയാളം ഒരു പേപ്പറായി പരിഗണിക്കുക, എല്ലാ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കുക, കോടതിഭാഷ മലയാളമാക്കുക, സര്‍ക്കാര്‍ ഉത്തരവുകളും ഫയലുകളും നിര്‍ബന്ധമായും മലയാളത്തിലാക്കുക, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ മലയാളം മീഡിയത്തില്‍ നിന്നുള്ളവര്‍ക്കു സംവരണം, പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇതുസംബന്ധിച്ച വിദഗ്ദ്ധ സമിതി ആദ്യഘട്ടത്തില്‍ ശുപാര്‍ശ ചെയ്തിരുന്നത്. പലഘട്ടങ്ങളിലായി ഇതില്‍ പ്രായോഗികമായ മാറ്റം വരുത്തിയ ബില്ലാണു നിയമസഭയുടെ പരിഗണനക്ക് എത്തുന്നത്.

Read More >>