മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.8 അടി : അണക്കെട്ടിലും ബേബി ഡാമിലും ചോര്‍ച്ച ശക്തം

തൊടുപുഴ : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137.8 അടിയായി. ഉയരുന്ന ജലനിരപ്പിനൊപ്പം ചോര്‍ച്ച വര്‍ദ്ധിക്കുന്നതും ആശങ്കയ്ക്കു കാരണമാകുന്നു....

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.8 അടി : അണക്കെട്ടിലും ബേബി ഡാമിലും ചോര്‍ച്ച ശക്തം

mullaperiyar dam

തൊടുപുഴ : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137.8 അടിയായി. ഉയരുന്ന ജലനിരപ്പിനൊപ്പം ചോര്‍ച്ച വര്‍ദ്ധിക്കുന്നതും ആശങ്കയ്ക്കു കാരണമാകുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ബേബി ഡാമിലും ചോര്‍ച്ച ശക്തമാകുന്നതായി പരിശോധനയില്‍ കണ്ടെത്തി. അപകടം ഒഴിവാക്കാന്‍ സ്പില്‍വെ ഷട്ടറുകള്‍ ഉയര്‍ത്തണമെന്നു തമിഴ്‌നാട്ടിനോടു കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ജലനിരപ്പു കുറയ്ക്കാനാണിത്. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ഇന്നു യോഗം ചേര്‍ന്നു സുരക്ഷാ മുന്‍കരുതലുകള്‍ വിലയിരുത്തും. പ്രധാന അണക്കെട്ടിലെ 10-11,17-18 ബ്ലോക്കുകള്‍ക്കിടയിലും ബേബി ഡാമിലുമാണ് ചോര്‍ച്ച ശക്തം. പ്രധാന അണക്കെട്ടിലെ രണ്ടു ബ്ലോക്കുകള്‍ക്കിടയിലും 130 അടിക്കു മുകളില്‍നിന്നാണ് വെള്ളം ഭിത്തിയിലിലൂടെ ഒലിച്ചിറങ്ങുന്നതായി കാണാന്‍ കഴിയുന്നത്. ബേബി ഡാമിന്റെ മധ്യഭാഗത്തുനിന്നും വെള്ളം പുറത്തേക്ക് ഒലിച്ചിറങ്ങുന്നുണ്ട്.


കേരള ജലവിഭവവകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ഡാനിയലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഡാമിലും പരിസരത്തും ശക്തമായ മഴ നിലനിന്നിരുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളില്‍ ചോര്‍ച്ച ശ്രദ്ധയില്‍പെട്ടിരുന്നില്ല. മഴ മാറി വെയില്‍ വന്ന സാഹചര്യത്തിലാണ് ചോര്‍ച്ച കണ്ടെത്തുന്നത്. തുടര്‍ന്ന് മേല്‍നോട്ട സമിതിയിലെ കേരളത്തിന്റെ പ്രതിനിധി വി. ജെ. കുര്യന്‍, മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ തുടങ്ങിയവരെ വിവരം ധരിപ്പിച്ചു. ചോര്‍ച്ച പ്രകടമായ സാഹചര്യത്തില്‍ സ്പില്‍വെ ഷട്ടറുകള്‍ ഉയര്‍ത്തി ജലനിരപ്പ് താഴ്ത്തണമെന്നാണ് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ മാസം 30ന് എത്തുന്ന മേല്‍നോട്ട സമിതിക്കു മുന്നിലും കേരളം ആശങ്ക അറിയിക്കും. എന്നാല്‍ മഴയുടെ തോത് കുറഞ്ഞ സാഹചര്യത്തില്‍ തമിഴ്‌നാട് ഷട്ടറുയര്‍ത്താന്‍ തയാറായേക്കില്ല. ജലനിരപ്പ് ഉയര്‍ന്നെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. തീരദേശവാസികളുടെ ആശങ്ക വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം ചേരുന്നത്.

Read More >>