തിരഞ്ഞെടുപ്പ് പരാജയം;കോണ്‍ഗ്രസില്‍ ഡി.സി.സി അഴിച്ചുപണി വരുന്നു

തിരുവനന്തപുരം:  തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെ തുടര്‍ന്ന് ഡി.സി.സികളുടെ അഴിച്ചുപണിക്ക് കോണ്‍ഗ്രസ്സ് ഒരുങ്ങുന്നു. ജനുവരി നാലിന് കെ.പി.സി.സി...

തിരഞ്ഞെടുപ്പ് പരാജയം;കോണ്‍ഗ്രസില്‍ ഡി.സി.സി അഴിച്ചുപണി വരുന്നു

kpcc

തിരുവനന്തപുരം:  തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെ തുടര്‍ന്ന് ഡി.സി.സികളുടെ അഴിച്ചുപണിക്ക് കോണ്‍ഗ്രസ്സ് ഒരുങ്ങുന്നു. ജനുവരി നാലിന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നയിക്കുന്ന കേരള യാത്ര  തുടങ്ങുന്നതിനാല്‍ ഡിസംബര്‍ പകുതിയോടെ അഴിച്ചുപണി പൂര്‍ത്തിയാക്കാനാണ് നേതൃത്വം ഉദ്ദേശിക്കുന്നത്. പരാജയം അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിഷന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് പുതിയ പുനസംഘടന. കൊല്ലം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം ഡി.സി.സികളില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണമെന്നാണ് അന്വേഷണ കമ്മിഷന്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്
തൃശൂര്‍ ജില്ലയില്‍ ഏറെ നാളായി ഡി.സി.സി പ്രസിഡന്റിന്റെ പേരില്‍ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. അത് പോലെ തന്നെ പാലക്കാട് ഇപ്പോഴത്തെ നേതൃത്വത്തെ വച്ച് മുന്നോട്ട് പോയാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പച്ചതൊടില്ലെന്നാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിന്റെ റിപ്പോര്‍ട്ട്. കൊല്ലത്ത് സമ്പൂര്‍ണ അഴിച്ചുപണിയാണ് വി.ഡി സതീശന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷനിലെ നാണംകെട്ട തോല്‍വിയും അവിടെ അഴിച്ചുപണിക്ക് സാധ്യത വര്‍ധിപ്പിച്ചു. ഡി.സി.സി പ്രസിഡന്റായി കരകുളം കൃഷ്ണപിള്ള ചുമതലയേറ്റിട്ട് അധികകാലമായില്ല എന്നതിനാല്‍ അദ്ദേഹത്തിന് കുറച്ചുകാലം കൂടി നീട്ടിനല്‍കിയാലും മറ്റ് ഭാരവാഹികള്‍ക്ക് മാറ്റമുണ്ടാകും. തിരുവനന്തപുരത്ത് ഇത് വരെ തെളിവെടുപ്പ് നടന്നിട്ടില്ല  30 ന് നടക്കും എന്നാണു കരുതുന്നത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, ജില്ലകളിലെ വിലയിരുത്തലാണ് ഇനി നടക്കാനുള്ളത്കണ്ണൂര്‍ ജില്ലയില്‍ കെ.സുധാകരന്റെ ഏകാധിപത്യം ഇനിയും തുടര്‍ന്നാല്‍ സംഘടന തന്നെയുണ്ടാകില്ലെന്ന് ജില്ലയില്‍ നിന്നുള്ള എ ഗ്രൂപ്പ് നേതാക്കള്‍ അവലോകനസമിതിയെ അറിയിച്ചിട്ടുണ്ട്. ഏറെനാളായി കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനം കെ.സുധാകരനില്‍ മാത്രം കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്ന് പി.രാമകൃഷ്ണന്‍, സതീശന്‍ പാച്ചേനി, എ.ഡി. മുസ്തഫ എന്നിവര്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനംവരെ എല്ലാ കാര്യത്തിലും സുധാകരന്‍ ഒറ്റക്കാണ് തീരുമാനമെടുക്കുകയെന്ന് അവര്‍ പരാതി അറിയിച്ചിട്ടുണ്ട്‌.

വയനാട് ജില്ലയില്‍ പാര്‍ട്ടിയുടെ പ്രകടനം ഭേദപ്പെട്ടതായിരുന്നെങ്കിലും ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി ജോണ്‍ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ആത്മഹത്യ സംഭവത്തില്‍ അദ്ദേഹത്തിന്റെ കുടുംബം പോലും ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസിനെതിരെ പരാതി പറയുകയും കരിഓയില്‍ പ്രയോഗവും ഒക്കെ കണക്കിലെടുക്കുമ്പോള്‍ പുതിയ ഡി.സി.സി പ്രസിഡന്റിനെ നിയോഗിക്കാന്‍ സാധ്യതയുണ്ട്. പുതിയ ഡി.സി.സി പ്രസിഡന്റുമാര്‍ വരുമ്പോഴും ഇപ്പോഴത്തെ ഗ്രൂപ്പ് സമവാക്യത്തില്‍ വലിയമാറ്റത്തിന് സാധ്യതയില്ല. ഗ്രൂപ്പുകള്‍ തന്നെ പുതിയ ആളുകളെ കണ്ടെത്തി നിശ്ചയിക്കട്ടെ എന്ന സമീപനമാകും വി.എം സുധീരനും സ്വീകരിക്കുക. ഗ്രൂപ്പ് സമവാക്യമനുസരിച്ച് തൃശൂരില്‍ പി.സി ചാക്കോയുടെ നോമിനിയായ അബ്ദുറഹ്മാന്‍കുട്ടിക്ക് പകരം ഐ ഗ്രൂപ്പില്‍ നിന്നാരെങ്കിലും ഡി.സി.സി പ്രസിഡന്റാകാന്‍ സാധ്യതയുണ്ട്‌. അങ്ങനെയെങ്കില്‍ കണ്ണൂര്‍ ജില്ലയില്‍ ഒരുപക്ഷേ എ ഗ്രൂപ്പില്‍ നിന്നാരെങ്കിലും ഡി.സി.സിയുടെ തലപ്പത്തെത്തിയേക്കാം. പാലക്കാട് ഒരുപക്ഷേ സി.വി ബാലചന്ദ്രന് പകരം എ,വി ഗോപിനാഥ് തന്നെ വീണ്ടും ഡി.സി.സി പ്രസിഡന്റായേക്കും.