എന്നു നിന്റെ മൊയ്തീന്റെ അണിയറക്കാര്‍ക്കെതിരെ ഇനി കാഞ്ചനമാല കേസിനില്ല

കോഴിക്കോട് : എന്നു നിന്റെ മൊയ്തീന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ഇനി കേസിനില്ലെന്നു കാഞ്ചനമാല. നടന്‍ ദിലീപിന്റെ അഭ്യാര്‍ഥനയെത്തുടര്‍ന്നാണ്...

എന്നു നിന്റെ മൊയ്തീന്റെ അണിയറക്കാര്‍ക്കെതിരെ ഇനി കാഞ്ചനമാല കേസിനില്ല

kanchanamala

കോഴിക്കോട് : എന്നു നിന്റെ മൊയ്തീന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ഇനി കേസിനില്ലെന്നു കാഞ്ചനമാല. നടന്‍ ദിലീപിന്റെ അഭ്യാര്‍ഥനയെത്തുടര്‍ന്നാണ് കാഞ്ചനമാല കേസ് പിന്‍വലിക്കാന്‍ തയാറായത്. ചിത്രത്തിന്റെ തിരക്കഥയില്‍ തന്റെ കുടുംബത്തിനു അപകീര്‍ത്തിയുണ്ടാകുന്ന തരം സൂചനകളുണ്ടെന്ന കാരണത്താലാണ് കാഞ്ചനമാല സംവിധായകന്‍ ആര്‍. എസ്. വിമലിനെതിരെ കേസ് കൊടുത്തിരുന്നത്. അഞ്ചുകോടി രൂപയുടെ മാനനഷ്ടക്കേസായിരുന്നു കൊടുത്തത്.


എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെയാണ് കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയകഥയ്ക്കു കേരളമാകെ തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞത്. ഈ ചിത്രത്തിനായി വര്‍ഷങ്ങള്‍ തയാറെടുത്ത വിമല്‍ കാഞ്ചനാമ്മയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ജലം കൊണ്ടു മുറിവേറ്റവള്‍ എന്ന ഡോക്യുമെന്ററിയും കാഞ്ചനമാല-മൊയ്തീന്‍ പ്രണയകഥയെപ്പറ്റി വിമല്‍ തയാറാക്കിയിരുന്നു. ചിത്രത്തിന്റെ വിജയശേഷവും തകര്‍ന്നുവീഴുന്ന അവസ്ഥയില്‍ നില്‍ക്കുന്ന ബി. പി. മൊയ്ദീന്‍ സേവാമന്ദിറിനെപ്പറ്റി വന്ന പത്രവാര്‍ത്തകളാണ് ദിലീപിന്റെ ശ്രദ്ധപിടിച്ചുപറ്റിയത്. സഹായവാഗ്ദാനവുമായി ദിലീപ് എത്തിയശേഷമാണ് കാഞ്ചനമാലയും മൊയ്തീന്റെ അണിയറപ്രവര്‍ത്തകരും തമ്മില്‍ നിലനില്‍ക്കുന്ന കേസിനെപ്പറ്റി അറിയുന്നത്. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയ ദിലീപ് വിമലിനോടും ചിത്രത്തിലെ നായകന്‍ പൃഥ്വിരാജിനോടും സംസാരിച്ചിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ബി. പി. മൊയ്ദീന്‍ സേവാമന്ദിറിന്റെ ശിലാസ്ഥാപനച്ചടങ്ങിനിടെയായിരുന്നു ദിലീപിന്റെ ആവശ്യപ്രകാരം കാഞ്ചനമാല കേസ് പിന്‍വലിക്കാന്‍ സമ്മതിച്ചത്. സേവാമന്ദിരത്തിന്റെ പണിപൂര്‍ത്തിയാകുമ്പോള്‍ അതിനുപിന്നില്‍ എന്നു നിന്റെ മൊയ്തീന്‍ സിനിമയുടെ പ്രവര്‍ത്തകരും ഉണ്ടാകണമെന്നും ഇക്കാര്യത്തില്‍ കാഞ്ചനമാല പിണക്കം മാറ്റണമെന്നും ദിലീപ് പറഞ്ഞിരുന്നു. മൊയ്തീന്‍ സിനിമയുടെ പ്രവര്‍ത്തകരോടു തനിക്ക് ദേശ്യമില്ലെന്നും എന്നാല്‍ അവരുടെ പ്രവൃത്തികള്‍ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുംവിധം തന്നെ അസ്വസ്ഥയാക്കിയെന്നും കാഞ്ചനമാല മറുപടിയും പറഞ്ഞിരുന്നു.