വര്‍ഗീയ പ്രസ്താവന : വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തു

തിരുവനന്തപുരം : കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വര്‍ഗീയ പ്രസ്താവനയില്‍...

വര്‍ഗീയ പ്രസ്താവന : വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തു

vellappally natesan

തിരുവനന്തപുരം : കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വര്‍ഗീയ പ്രസ്താവനയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആലുവ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡയറക്റ്റര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം പരിഗണിച്ചാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 153 (എ) വകുപ്പു പ്രകാരം മതവിദ്വേഷം വളര്‍ത്തിയതിനാണ് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പാണിത്.


വെള്ളാപ്പള്ളിയുടെ പ്രസംഗം വര്‍ഗീയ വേര്‍തിരിവാണെന്നു രമേശ് ചെന്നിത്തല. വെള്ളാപ്പള്ളിക്കു വര്‍ഗീയതയുടെ വൈറസ് ബാധിച്ചതായും ഇതിനുള്ള മരുന്ന് ജനം നല്‍കുമെന്നും ആഭ്യന്തര മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കേരളത്തില്‍ മരിക്കുന്നെങ്കില്‍ മുസ്ലീമായി മരിക്കണമെന്നാണ് വെള്ളാപ്പള്ളി പരിഹസിച്ചത്. നൗഷാദ് മരിച്ചപ്പോള്‍ കുടുംബത്തിന് ജോലിയും പത്തു ലക്ഷം രൂപയും നല്‍കിയതായി വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഇവിടെ ജാതിയും മതവുമില്ല. എന്നാല്‍ അപകടത്തില്‍ മരിച്ച ഹാന്‍ഡ്‌ബോള്‍ താരങ്ങളുടെ കുടുംബത്തെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി. സമത്വമുന്നേറ്റയാത്രക്കിടെ ആലുവയില്‍ വെച്ചാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മാന്‍ഹോള്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് ആന്ധ്രാ സ്വദേശികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവറായ നൗഷാദ് മരണമടഞ്ഞത്. നൗഷാദിന്റ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുടുംബത്തിന് സാമ്പത്തികസഹായവും ജോലിയും വാഗ്ദാനം ചെയ്തിരുന്നു. മറ്റുള്ളവരെ കരുതുന്നവരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.