ബാര്‍ കോഴ : മാണിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി : ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രി കെ. എം. മാണിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. കേസിലെ എല്ലാ കക്ഷികളുടേയും വാദം കേള്‍ക്കണമെന്ന അഡ്വക്കേറ്റ്...

ബാര്‍ കോഴ : മാണിക്ക് ഹൈക്കോടതി നോട്ടീസ്KM-MANI

കൊച്ചി : ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രി കെ. എം. മാണിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. കേസിലെ എല്ലാ കക്ഷികളുടേയും വാദം കേള്‍ക്കണമെന്ന അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യത്തെടുടര്‍ന്നാണ് നോട്ടീസ്. കേസ് പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനും കെ. എം. മാണി ഉള്‍പ്പെടെയുള്ള എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു. കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ വിഷയത്തില്‍ പൊതുപ്രസ്ഥാവനകള്‍ ശരിയല്ലെന്നും കോടതി. ഉത്തരവാദിത്തപ്പെട്ടവര്‍ പ്രസ്ഥാവനകള്‍ നടത്തരുത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. കെ. എം. മാണി നിരപരാധി ആണെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാനയും പാടില്ലായിരുന്നു. മുഖ്യമന്ത്രിയുടേത് കേസിലെ ഇടപെടല്‍ തന്നെയാണെന്നും കോടതി വിമര്‍ശിച്ചു.


രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വകമാകുമോ എന്ന്ഹൈക്കോടതി ചോദിച്ചിരുന്നു. പ്രതിയായ മന്ത്രിക്കു ക്ലീന്‍ചിറ്റ് നല്‍കിയതു മുഖ്യമന്ത്രിയാണ്. മുന്‍മന്ത്രി മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അവകാശപ്പെടുന്നു. ഈ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം എങ്ങനെ നീതിപൂര്‍വമാകും. സംസ്ഥാനത്തിനു പുറത്തുള്ള ഏജന്‍സി അന്വേഷണം ഏല്‍പ്പിക്കുന്നതല്ലേ ഉചിതം എന്നും കോടതി ചോദിച്ചു. ബാര്‍ കോഴില്‍ കേസ് തുടരന്വേഷണം ഉത്തരവിട്ടുള്ള ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ റിവ്യൂ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണു കോടതി പരാമര്‍ശം. തൊടുപുഴ സ്വദേശി സണ്ണി മാത്യുവാണ് ഹര്‍ജി നല്‍കിയത്. വിജിലന്‍സ് കോടതിയിലെ ബാര്‍ കേസിലെ സാക്ഷിയായിരുന്നു സണ്ണി മാത്യു. കേസ് പരിഗണിച്ച ജസ്റ്റിസ് സുധീന്ദ്രകുമാറാണ് ഈ പരാമര്‍ശം നടത്തിയത്. കേസില്‍ സിബിഐ അന്വേഷണം പരിഗണിച്ചുകൂടേ എന്നും ഹൈക്കോടതി ആരാഞ്ഞു. എന്നാല്‍ സിബിഐ അന്വേഷണത്തെ അഡ്വക്കേറ്റ് ജനറല്‍ എതിര്‍ത്തു.

കോഴ നല്‍കിയതിനു തെളിവില്ലെന്നു കണ്ടെത്തിയിട്ടും തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതിയുടെ തീരുമാനം തെറ്റാണെന്നാണ് ഹര്‍ജി. അന്തിമ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന് വിജിലന്‍സും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിക്കാതെ തുടരന്വേഷണത്തിന് ഉത്തരവിട്ടതു നിയമപരമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവ് ജസ്റ്റിസ് കെമാല്‍പാഷ ശരിവച്ചിരുന്നു. അന്നു കെമാല്‍പാഷ നടത്തിയ പരാമര്‍ശത്തെതുടര്‍ന്നാണ് ധനമന്ത്രി കെ. എം. മാണി രാജിവയ്‌ക്കേണ്ടിവന്നത്. രാജിവയ്ക്കുന്ന വിഷയം മാണിയുടെ മനസാക്ഷിക്കു വിടുന്നെന്നും പക്ഷേ സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണം എന്നുമായിരുന്നു പ്രസിദ്ധമായ കോടതി പരാമര്‍ശം. ഇതേ വിജിലന്‍സ് കോടതി വിധിക്കെതിരെ ലഭിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയില്‍ നിന്ന് എതിര്‍ പരാമര്‍ശം ലഭിച്ചിരിക്കുന്നത്.