അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് ഗോവയില്‍ തിരിതെളിയും

ഗോവ : ഗോവയില്‍ ഇനി ചലച്ചിത്രോത്സവത്തിന്റെ നാളുകള്‍. 46ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (ഐഎഫ്എഫ്‌ഐ) ഇന്നു തിരിതെളിയും. ബോളിവുഡ് താരം അനില്‍...

അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് ഗോവയില്‍ തിരിതെളിയും

iffi 2015

ഗോവ : ഗോവയില്‍ ഇനി ചലച്ചിത്രോത്സവത്തിന്റെ നാളുകള്‍. 46ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (ഐഎഫ്എഫ്‌ഐ) ഇന്നു തിരിതെളിയും. ബോളിവുഡ് താരം അനില്‍ കപൂര്‍ മേളയ്ക്കു ഭദ്രദീപം കൊളുത്തും. മാത്യൂ ബ്രൗണിന്റെ 'ദി മെന്‍ ഹൂ ന്യൂ ഇന്‍ഫിനിറ്റി' യാണ് ഉദ്ഘാടന ചിത്രം. ഇന്ത്യന്‍ പനോരമയില്‍ സംസ്‌കൃത ചിത്രമായ 'പ്രിയമാനസം' ആണ് ഉദ്ഘാടനചിത്രം. ഫെസ്റ്റിവലില്‍ സംഗീതസംവിധായകന്‍ ഏ. ആര്‍. റഹ്മാന്‍ മുഖ്യാതിഥിയാകും. മേളയോടനുബന്ധിച്ചു നടക്കുന്ന എന്‍എഫ്ഡിസി ഫിലിം ബസാറിലും റഹ്മാന്‍ പങ്കെടുക്കും.


കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ സ്‌പെയിന്‍ ആണ് ഇക്കുറി മേളയുടെ ശ്രദ്ധാകേന്ദ്രം. റിട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ ഇസ്രായേലി ഫിലിംമേക്കര്‍ ആമോസ് ഗിതായിയുടെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതുമുഖ സംവിധായകരുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കി ഫസ്റ്റ് കട്ട് എന്ന പേരില്‍ പ്രത്യേക വിഭാഗവും ഉണ്ട്. അര്‍ജന്റീനിയന്‍ ചിത്രമായ 'ദി ക്ലാന്‍' ആണു സമാപനചിത്രം. ഇക്കൊല്ലത്തെ ഏറ്റവും വലിയ ഹിറ്റും ഓസ്‌കാര്‍ എന്‍ട്രിയും കൂടിയാണ് ചിത്രം.

പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്ര മഹോത്സവത്തില്‍ ലോകശ്രദ്ധ ആകര്‍ഷിച്ച ചിത്രങ്ങള്‍ പ്രേക്ഷകരെ തേടിയെത്തും. ലോക സിനിമ വിഭാഗത്തില്‍ 187 സിനിമകളും ഇന്ത്യന്‍ പനോരമയില്‍ 47 ചലച്ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. 89 രാജ്യങ്ങളില്‍നിന്നായി എത്തുന്ന പ്രശസ്തവും അപ്രശസ്തവുമായ സിനിമകള്‍ക്കായി ഗോവയുടെ ദിവസങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.